Super League Kerala


3 ഒക്ടോബർ, 2024

ഉദ്വേഗഭരിതമായ ത്രില്ലറിൻ്റെ അവസാന മിനിറ്റുകളിൽ എതിർ പോസ്റ്റിലേക്ക് വെടിച്ചില്ല് പോലെ ഗോൾ പായിക്കുന്ന കൊമ്പൻസിൻ്റെ വൈഷ്ണവ്. ആഫ്രിക്കൻ, ബ്രസീലിയൻ പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് കുതിക്കുന്ന തൃശൂർ മാജിക് എഫ്സിയുടെ സെൻട്രൽ മീഡ്ഫീൽഡർ ആദിൽ. പേരും പെരുമയും പരിചയസമ്പത്തുമുള്ള ഗോൾവേട്ടക്കാരെ വരച്ചവരയിൽ നിർത്തുന്ന മലപ്പുറം എഫ്സിയുടെ റൈറ്റ് വിങ് ബാക്ക് നന്ദു കൃഷ്ണ. മഹീന്ദ്ര സൂപ്പർ ലീഗ് കേരള പാതി പിന്നിടുമ്പോൾ കേൾക്കുന്നത് യുവ രാജാക്കന്മാരുടെ പെരുമ്പറ മുഴക്കം.

മൈതാനം വിശാലം

ഗോളടിച്ചും അടിപ്പിച്ചും പ്രതിരോധിച്ചും ലീഗിൻ്റെ പ്രഥമ സീസണിനെ കാൽപന്ത് മികവിൻ്റെ പ്രദർശനശാലയാക്കുകയാണ് അണ്ടർ 23 മലയാളി താരങ്ങൾ. ഓരോ ടീമും പ്ലയിങ് ഇലവനിൽ രണ്ട് അണ്ടർ 23 മലയാളി താരങ്ങളെ ഫീൽഡ് ചെയ്യണമെന്ന സൂപ്പർ ലീഗ് കേരള റൂൾ തുറന്നിട്ടിരിക്കുന്നത് യുവതാരങ്ങൾക്ക് സാധ്യതകളുടെ വിശാല മൈതാനം. രാജ്യാന്തര നിലവാരമുള്ള മലയാളി കളിക്കാരെ വാർത്തെടുക്കാൻ വിഭാവനം ചെയ്ത ഈ റൂൾ ലക്ഷ്യത്തിലേക്ക് ഗോളടിക്കുന്ന സമ്മോഹന നിമിഷങ്ങളാണ് മൈതാനങ്ങളിൽ കാണുന്നത്.

ആറ് ടീമുകളിലായി 40 അണ്ടർ 23 കളിക്കാരാണ് സൈൻ ചെയ്തിട്ടുള്ളത്. മിക്കവരും ലീഗ് അഞ്ച് റൗണ്ട് പിന്നിടുമ്പോൾ വിവിധ മത്സരങ്ങളിലായി കളത്തിലിറങ്ങി. ഇവരിൽ പലരെയും സംസ്ഥാന, ദേശീയ ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളും കണ്ണുവെച്ചിട്ടുണ്ട്. അവരെ ഇനി മുന്തിയ കുപ്പായത്തിൽ അടുത്ത സീസണിൽ കാണാം.

അവസരങ്ങൾ പ്രതിഭകളെ സൃഷ്ടിക്കുന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ ടാലൻ്റ് ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പക്ഷേ, അവർക്ക് മികവ് കാണിക്കാൻ അവസരങ്ങൾ വളരെ കുറവായിരുന്നു. സൂപ്പർ ലീഗ് കേരള വാതിൽ തുറന്നിടുന്നത് ഇത്തരം സാധ്യതകളിലേക്കാണ് എന്ന് മലപ്പുറം എഫ്സി നായകനും മുൻ ഇന്ത്യൻ താരവുമായ അനസ് എടത്തൊടിക പറയുന്നു.
‘ നിലവിൽ എൻ്റെ ടീമിൽ കളിക്കുന്ന നന്ദു, അജയ്, നവീൻ, ജാസിം ഉൾപ്പടെയുള്ള യുവകളിക്കാർ ടെക്നിക്കലി മികച്ചവരാണ്, അവർക്ക് കളിക്കാൻ അവസരവും തുടർന്ന് മികച്ച ശിക്ഷണവും ലഭിച്ചാൽ ഗംഭീര പ്രതിഭകളായി മാറും ‘ – അനസ് തുടർന്നു.

ആദിൽ, അർജുൻ, ഷംനാദ്, ശഫ്നാദ് ഉൾപ്പടെയുള്ളവർക്ക് കൂടുതൽ പ്ലയിംഗ് ടൈം ലഭിച്ചാൽ വൈകാതെ അവരെ ഇന്ത്യൻ ടീമിൽ വരെ കാണാൻ കഴിയുമെന്ന് തൃശൂർ ടീം സ്പോർട്ടിങ് ഡയറക്ടറും പ്രൊഫഷനൽ ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാൾ, മഹീന്ദ്ര ഉൾപ്പടെയുള്ള ക്ലബുകൾക്കും കളിച്ച സുശാന്ത് മാത്യുവും ഉറപ്പ് പറയുന്നു.

അഭിറാം, അസ്ലം, അഷ്റഫ്, റിയാസ് തുടങ്ങിയ കാലിക്കറ്റ് എഫ്സി താരങ്ങളും അഭിൻ, അശ്വിൻ, റിഷാദ്, നജീബ്, ഹർഷൽ തുടങ്ങിയ കണ്ണൂർ വാരിയേഴ്സ് അംഗങ്ങളും ലീഗിൽ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. അവരിൽ പലരും ടീമിൻ്റെ നിർണായക തന്ത്രങ്ങളായി ഇതിനോടകം മാറി.

വൈഷ്ണവിന് ഒപ്പം
കൊമ്പൻസിൻ്റെ ശരത്, അസ്ഹർ, ഹസൻ, ബാദിഷ്, അഷ്റഫ് ഫോഴ്സ കൊച്ചിയുടെ നിതിൻ മധു, ജഗന്നാഥ്, റെമിത്ത്, ജസിൻ.. എല്ലാം ആരാധകരുടെ അഭിമാന താരങ്ങളായി വളർന്നു.

സൂപ്പർ ലീഗ് കേരള മലയാളികൾക്കായി തുറന്നിടുന്ന വാതിലിലൂടെ നിരവധി താരങ്ങൾ ദേശീയ ഫുട്ബോളിൻ്റെ തലക്കെട്ട് പിടിക്കാൻ ഉടൻ എത്തുമെന്നാണ് സൂപ്പർ ലീഗ് കേരള വീക്ഷിക്കുന്ന ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷ.