അലകടലായ് എത്തുന്ന മലപ്പുറം എഫ്സിയുടെ ആരാധകക്കൂട്ടം ‘ അൾട്രാസിന് ‘ ഹോം ഗ്രൗണ്ടിൽ ഒരു ആവേശവിജയം സമ്മാനിക്കാനാണ് ടീം ഇന്ന് ഇറങ്ങുകയെന്ന് ഗോൾകീപ്പർ വി മിഥുൻ. മലപ്പുറം എഫ്സിയും തൃശൂർ മാജിക് എഫ്സിയും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുമ്പോൾ കേരളത്തിൻ്റെ ഇതിഹാസ ഗോൾകീപ്പർമാരിൽ ഒരാളായ മിഥുന് പ്രതീക്ഷയേറെ. ഫോർസ കൊച്ചിയെ അവരുടെ ഗ്രൗണ്ടിൽ തോല്പിച്ചുകൊണ്ടാണ് മലപ്പുറം എഫ്സി മഹീന്ദ്ര സൂപ്പർ ലീഗിൽ അരങ്ങേറിയത്. പക്ഷേ, രണ്ടാം അങ്കത്തിൽ കാലിക്കറ്റ് എഫ്സിയോട് മൂന്ന് ഗോളിൻ്റെ തോൽവി വഴങ്ങി. അത് ഏവരെയും ഞെട്ടിച്ചു. ആ ഷോക്കിൽ നിന്ന് തിരിച്ചുകയറാനാണ് മലപ്പുറം എഫ്സി ബൂട്ട് കെട്ടുന്നത്. ആദ്യ രണ്ടു കളികളിലും സുല്ലിട്ട തൃശൂർ വിജയത്തിൽ കുറഞ്ഞ ഒന്നിലും സംതൃപ്തരാവില്ല. അതുകൊണ്ട് തന്നെ ഒരു ‘ യുദ്ധത്തിനാവും ‘ ഇന്ന് മഞ്ചേരി സ്റ്റേഡിയം സാക്ഷിയാവുക.
മഞ്ചേരി; ലക്കി ഗ്രൗണ്ട്
കണ്ണൂർക്കാരൻ മിഥുന് മഞ്ചേരി എന്നത് ഭാഗ്യമൈതാനമാണ്. ടച്ച് ലൈനിൽ വരെ കാണികളെ നിർത്തി 2022 ൽ കേരളം അവസാനമായി സന്തോഷ് ട്രോഫി ജയിക്കുന്നത് ഇവിടെ വെച്ചാണ്. ബംഗാളിൻ്റെ വമ്പ് ഷൂട്ടൗട്ടിൽ മറികടന്ന് കേരളം കിരീടം നേടുമ്പോൾ പോസ്റ്റിന് കാവൽ നിന്നത് ഈ കണ്ണൂർക്കാരൻ. 2018 ൽ കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ബംഗാളിനെ തോൽപ്പിച്ച് കേരളം ദേശീയ ചാമ്പ്യന്മാർ ആവുമ്പോഴും മിഥുൻ തന്നെ ഹീറോ. അന്ന് ഷൂട്ടൗട്ടിൽ രണ്ട് ബംഗാളി കിക്കുകൾ സേവ് ചെയ്താണ് മിഥുൻ പതിറ്റാണ്ടുകൾക്കു ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടമെത്തിച്ചത്. എട്ട് തവണ കേരളത്തെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിച്ച മിഥുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ്.
*കണ്ണൂരിൻ്റെ മുത്ത്, മലപ്പുറത്തിൻ്റെ സ്വത്ത്
മുഴുപ്പിലങ്ങാട് ബീച്ചിലും കണ്ണൂർ എസ്എൻ കോളേജിലും കളിച്ചുതെളിഞ്ഞ മിഥുൻ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ഗോൾകീപ്പറായി എത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. നിർണായക ഘട്ടങ്ങളിൽ ടീമിന് തുണയായി മിഥുൻ എന്ന ഗോൾകീപ്പർ ഉയിർക്കും എന്ന വിശ്വാസം. കേരള പോലീസ് താരമായിരുന്ന മുരളിയുടെ മകനായി ജനിച്ച മിഥുന് ആരാധകരുടെ ആവേശം വളരെ വേഗം തിരിച്ചറിയാൻ കഴിയും. അവരുടെ വികാരങ്ങളെ ഉൾക്കൊള്ളാൻ പറ്റും.
തൃശൂർ ഘടികൾ എത്തും
ഇന്ന് മലപ്പുറം എഫ്സിയുടെ ആരാധകർ മാത്രമാവില്ല മഞ്ചേരി സ്റ്റേഡിയത്തിൽ ആരവം മുഴക്കുക. മലപ്പുറത്തിനൊപ്പം തൃശൂർ ടീമിൻ്റെയും ഹോം ഗ്രൗണ്ടാണ് മഞ്ചേരി സ്റ്റേഡിയം. ഇവിടെ നടന്ന തൃശൂർ – കണ്ണൂർ മത്സരത്തിന് നിരവധി തൃശൂർ ഘടികൾ എത്തിയിരുന്നു. കൂടുതൽ കരുത്തോടെ അവർ വീണ്ടും നാളെ ഗ്യാലറിയിൽ ഉണ്ടാവും. ക്ലാസിക് പോരാട്ടത്തിൻ്റെ ടിക്കറ്റ് ഇന്നലെ ഉച്ചയോടെ തന്നെ 60 ശതമാനം വിറ്റുതീർന്നിട്ടുണ്ട്.
ഇനിയുമുണ്ട് ടിക്കറ്റ്
ഗ്യാലറി ടിക്കറ്റ് പരിമിതമാണ് എങ്കിലുപേടിഎം വഴി ഇനിയും ലഭ്യമാണ്. മത്സര ദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കളികളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് 1ൽ. വെബ്സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്സിലും മഹീന്ദ്ര സൂപ്പർ ലീഗ് മത്സരങ്ങൾ കാണാം.