മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാരിയേഴ്സും സമനിലയിൽ പിരിഞ്ഞു 1-1. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ അൻപത്തിയേഴാം മിനിറ്റിൽ കാമറൂൺ താരം ഏണസ്റ്റൻ ലവ്സാംബ കണ്ണൂരിനായും കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ വാരിയേഴ്സിനായി ഗണേശൻ സമനില ഗോളും നേടി. ലീഗിൽ മൂന്ന് റൗണ്ട് മത്സരം പൂർത്തിയാവുമ്പോൾ കാലിക്കറ്റ്, തിരുവനന്തപുരം, കണ്ണൂർ ടീമുകൾക്ക് അഞ്ച് പോയൻ്റ് വീതമാണ് ഉള്ളത്.

തലസ്ഥാന നഗരിയുടെ എംപി ശശി തരൂരിൻ്റെ ആശീർവദത്തോടെയാണ് ഇന്നലെ കൊമ്പൻസ് – വാരിയേഴ്സ് പോരാട്ടത്തിന് സമാരംഭം കുറിച്ചത്. വിജയം ലക്ഷ്യമിട്ട് ഇരു സംഘങ്ങളും മുന്നേറ്റനിരയിൽ മൂന്ന് പേർക്ക് ചുമതല നൽകിയാണ് ആദ്യ ഇലവനെ ഇറക്കിയത്. അഞ്ചാം മിനിറ്റിൽ കണ്ണൂരിൻ്റെ ഗോഗോയ് എടുത്ത ഫ്രീകിക്ക് തിരുവനന്തപുരത്തിൻ്റെ ബ്രസീലിയൻ ഗോളി സാൻ്റോസ് ക്രോസ്സ് ബാറിന് മുകളിലേക്ക് പ്രയാസപ്പെട്ട് കുത്തിയകറ്റി. എട്ടാം മിനിറ്റിൽ കോർണറിൽ നിന്ന് വന്ന പന്ത് കണ്ണൂർ താരം അക്ബർ സിദ്ദീഖ് എതിർ പോസ്റ്റിൽ എത്തിച്ചെങ്കിലും ഓഫ് സൈഡ് വിസിൽ മുഴങ്ങി.

പന്ത്രണ്ടാം മിനിറ്റിൽ കണ്ണൂരിൻ്റെ സ്പാനിഷ് നായകൻ അഡ്രിയാൻ കോർപ്പയും സ്കോർ ചെയ്തെങ്കിലും റഫറി സുരേഷ് ദേവരാജ് വീണ്ടും ഓഫ്‌സൈഡ് വിധിച്ചു. ആദ്യ പകുതിയിൽ കണ്ണൂർ വാരിയേഴ്സ് വ്യക്തമായ ആധിപത്യം പുലർത്തിയപ്പോൾ അക്മൽ ഷാൻ, സീസൺ എന്നിവരുടെ ഒറ്റയാൻ ശ്രമങ്ങളിൽ മാത്രം ഒതുങ്ങി തിരുവനന്തപുരത്തിൻ്റെ മുന്നേറ്റങ്ങൾ. ഒന്നാം പകുതി അവസാനിക്കാനിരിക്കെ തിരുവനന്തപുരം നായകൻ മോട്ട രണ്ടാം മഞ്ഞക്കാർഡും ഒപ്പം ചുവപ്പ് കാർഡും വാങ്ങി പുറത്തു പോയി.

പത്ത് പേരിലേക്ക് ചുരുങ്ങിയ കൊമ്പൻസിനെതിരെ രണ്ടാം പകുതിയിൽ മുഹമ്മദ് ഫഹീസിനെ ഇറക്കി കണ്ണൂർ ആക്രമണം കനപ്പിച്ചു. എന്നാൽ 4-4-1 ഫോർമേഷനിലേക്ക് മാറി ഗോൾ വഴങ്ങാതിരിക്കാനായിരുന്നു കൊമ്പൻസിൻ്റെ നീക്കം.

അൻപത്തിയേഴാം മിനിറ്റിൽ കണ്ണൂർ നായകൻ കോർപ്പ നീക്കിനൽകിയ പന്തുമായി മുന്നേറിയ കാമറൂൺ താരം ലവ്സാംബ ബോക്സിന് പുറത്ത് നിന്ന് പറത്തിയ ഷോട്ട് കൊമ്പൻസ് പോസ്റ്റിൽ കയറി. സൂപ്പർ ലീഗ് കേരളയിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്ന് കണ്ണൂരിന് ലീഡ് നൽകി 1-0. അവസാന മിനിറ്റുകളിൽ പകരക്കാരെ ഇറക്കി സമനിലക്കായി കൊമ്പൻസും സ്കോർ നില ഉയർത്താൻ വാരിയേഴ്സും ശ്രമിക്കുന്നതിനിടെ എൺപത്തിയഞ്ചാം മിനിറ്റിൽ സമനില ഗോൾ പിറന്നു. കണ്ണൂർ ബോക്സിന് തൊട്ടു മുന്നിൽ വെച്ച് ലഭിച്ച ഫ്രീകിക്കിൽ നിന്ന് വന്ന പന്ത് പകരക്കാരൻ ഗണേശൻ വലയിലെത്തിച്ചു 1-1. അപ്രതീക്ഷിതമായി നേടിയ ഗോളും സമനിലയും തിരുവനന്തപുരം താരങ്ങളും ആരാധകരും ആഘോഷിച്ചു.