പോയൻ്റ് പട്ടികയിൽ പോരാട്ടം ശക്തമായ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് (സെപ്. 24), തുടക്കം. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സിക്ക് തൃശൂർ മാജിക് എഫ്സിയാണ് എതിരാളികൾ. മലപ്പുറം എഫ്സി – കണ്ണൂർ വാരിയേഴ്സ് (സെപ്. 25), ഫോഴ്സ കൊച്ചി – തിരുവനന്തപുരം കൊമ്പൻസ് (സെപ്. 27) പോരാട്ടങ്ങളും നാലാം റൗണ്ടിനെ കൊഴുപ്പിക്കും.

മൂന്നാം റൗണ്ടിലെ മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ചപ്പോൾ അഞ്ച് പോയൻ്റ് വീതം നേടി മൂന്ന് ടീമുകൾ തലപ്പത്തുണ്ട്. ഗോൾ ശരാശരിയാണ് കോഴിക്കോടിനെ ഒന്നാമതും തിരുവനന്തപുരത്തെ രണ്ടാമതും കണ്ണൂരിനെ മൂന്നാമതും നിർത്തുന്നത്. മലപ്പുറം (നാല്), കൊച്ചി (രണ്ട്), തൃശൂർ (ഒന്ന്) എന്നിങ്ങനെയാണ് മറ്റുടീമുകളുടെ പോയൻ്റ് നില.

ഗോളടി മേളം

ഒൻപത് കളികളിൽ നിന്നായി ലീഗിൽ ഇതുവരെ പിറന്നത് 16 ഗോളുകൾ. ഒരു മത്സരത്തിൽ ശരാശരി 1.77 ഗോൾ. തിരുവനന്തപുരത്തിനെതിരെ കണ്ണൂരിൻ്റെ കാമറൂൺ താരം ഏണസ്റ്റോ ലവ്സാംബ പറത്തിയ ലോങ് റേഞ്ചർ ഗോൾ, മലപ്പുറത്തിനെതിരെ കാലിക്കറ്റ് എഫ്സിയുടെ ഗനി നിഗം നേടിയ സോളോ ഗോൾ ഉൾപ്പടെ ലോകോത്തര നിലവാരത്തിലുള്ള ഗോളുകളും ലീഗിൽ പിറന്നു.

മൂന്ന് റൗണ്ട് മത്സരം പൂർത്തിയായതോടെ ടീമുകളിലെ കളിക്കാർ തമ്മിലുള്ള കെമിസ്ട്രിയും മെച്ചപ്പെട്ടു. കൂടാതെ എതിരാളികളുടെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കാൻ പരിശീലകർക്കും ഇതിനോടകം അവസരം ലഭിച്ചു. ഇത് വരും മത്സരങ്ങളെ കൂടുതൽ കടുപ്പമേറിയതും ആവേശം നിറഞ്ഞതുമാക്കുമെന്ന് തൃശൂർ മാജിക് എഫ്സിയുടെ സഹ പരിശീലകൻ സുശാന്ത് മാത്യൂ പറയുന്നു.

ആവേശം ഗ്യാലറി നിറയെ

മഹീന്ദ്ര സൂപ്പർ ലീഗിൻ്റെ നാല് വേദികളിലേക്കും കാണികൾ ഒഴുകിയെത്തുന്നുവെന്നതാണ് മൂന്ന് റൗണ്ട് മത്സരം പിന്നിടുമ്പോൾ കാണുന്ന മറ്റൊരു പ്രത്യേകത. മലപ്പുറം – കാലിക്കറ്റ് മലബാർ ഡെർബിക്കും കാലിക്കറ്റ് – കൊച്ചി സിറ്റി ഡെർബിക്കും 20000 ത്തോളം കാണികളെത്തി. മറ്റുമത്സരങ്ങൾക്കും ഗ്യാലറിയിൽ 8000 മുതൽ 10000 വരെ ആരാധകരുണ്ടായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, കലൂർ സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം ആരാധക സംഘങ്ങൾ ഒരുക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ കേരള ഫുട്ബോളിൽ നവ്യാനുഭവമാണ്.

ഇന്ന് ചെറിയ കളിയല്ല

ഹോം ഗ്രൗണ്ടിൽ ആദ്യ വിജയം മോഹിച്ചാണ് കാലിക്കറ്റ് എഫ്സി ഇന്ന് കോഴിക്കോട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിയെ നേരിടുക. ഇവിടെയിറങ്ങിയ രണ്ടു കളികളിലും കാലിക്കറ്റ് ടീം സമനില വഴങ്ങി. ഇന്ന് ജയത്തോടെ മൂന്ന് പോയൻ്റ് സ്വന്തമാക്കി ഒന്നാംസ്ഥാനം ഭദ്രമാക്കാനാവും പരിശീലകൻ ഇയാൻ ആൻഡ്രൂ ഗിലാൻ്റെ പ്ലാൻ. ഗോളടി തുടരുന്ന ഗനി നിഗം തന്നെയാവും ഇന്നും ടീമിൻ്റെ തുറുപ്പുചീട്ട്. ലീഗിൽ മൂന്ന് ഗോളുമായി ഗനി ടോപ് സ്കോറർ സ്ഥാനത്ത് തുടരുകയാണ്. നായകൻ ജിജോ ജോസഫ്, ഹെയ്ത്തിക്കാരൻ വിംഗർ ബെൽഫോർട്ട് തുടങ്ങിയവരുടെ ഫോമും ആതിഥേയ ടീമിന് പ്രതീക്ഷയേകുന്നു.

ആദ്യ രണ്ടു കളികളും തോറ്റ തൃശൂർ അവസാന മത്സരത്തിൽ മലപ്പുറത്തെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് കരുത്തറിയിച്ചിട്ടുണ്ട്. ലീഗിൽ ഗോളടിക്കാൻ പ്രയാസപ്പെടുന്ന ടീമാണ് തൃശൂർ. ഇന്ന് നായകൻ സികെ വിനീതിനൊപ്പം മാർസലോ, അഭിജിത്ത് എന്നിവരും ഗോൾപോസ്റ്റ് ലക്ഷ്യമിട്ടാൽ ആദ്യജയം എന്ന തൃശൂർ മോഹം സഫലമാകും. കൂടാതെ കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന പരിശീലകൻ ജിയോവാനി സാനൂ ഇന്ന് തൃശൂർ ടീമിൻ്റെ ഡഗ്ഔട്ടിൽ ഉണ്ടാവും എന്നതും അവർക്ക് ഗുണകരമാണ്.

………