തിരുവനന്തപുരം, സെപ്റ്റംബർ 16,2024:  സൂപ്പർ ലീഗ് കേരളയുടെ  രണ്ടാം റൗണ്ടിലെ അവസാനത്തെ മത്സരത്തിന് തിരുവനന്തപുരം  ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വേദിയായി. കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം കൊമ്പൻ എഫ് സി തങ്ങളുടെ ഹോം ഗ്രൗണ്ടിൽ  മാജിക് തൃശൂർ എഫ് സി ക്കെതിരെ പന്തുതട്ടി. കൊമ്പന്മാർക്ക് ഊർജ്ജം പകരാനായി നഗര മധ്യത്തിലുള്ള സ്റ്റേഡിയത്തിലേക്ക് മഞ്ഞക്കടലായി ആയിരങ്ങളാണ് എത്തിച്ചേർന്നത്. കൊട്ടും താളവുമായി മത്സരലഹരിയിൽ  അനന്തപുരി ആറാടി.

 കൊമ്മൻ തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ വിജയത്തോടെ തുടങ്ങാൻ കച്ച മുറുക്കി ഇറങ്ങിയപ്പോൾ, മറുപുറത്ത് അവസാനം നിമിഷ ഗോളിൽ കണ്ണൂരിനോട്  തോൽവി വഴങ്ങിയ തൃശ്ശൂർ  ലീഗിൽ തങ്ങളുടെ ആദ്യ വിജയം ഉറപ്പിക്കാനായിരുന്നു തലസ്ഥാനനഗരിയിൽ എത്തിയത്.

 മാച്ച് റിപ്പോർട്ട്‌

 ആയിരങ്ങളുടെ പിൻബലത്തിൽ കൊമ്പന്മാർ തന്നെയാണ് ആദ്യ നിമിഷങ്ങളിൽ  മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അവരെ നിയന്ത്രിക്കാനായി ക്യാപ്റ്റനും  ബ്രസീൽ താരവും കൂടിയായ പാട്രിക് മോട്ടാ കൊമ്പന്മാരെ മധ്യനിരയിൽ നിന്നു നയിച്ചു. മാജിക് തൃശൂർ എഫ് സി  മുന്നേറ്റങ്ങൾ നടത്തിയെങ്കിലും, അധികനേരം പന്ത് കൈവശം വയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ ആക്രമണങ്ങളുടെ ഫലമായി തുടരെ കിട്ടിയ കോർണറുകളിൽ. രണ്ടാമത്തെ കോർണർ കിക്ക് തിരുവനന്തപുരം കൊമ്പന്റെ നായകൻ പാട്രിക്ക് മൊട്ട മലയാളി താരം വിഷ്ണുവിന് നേർക്ക് ഉയർത്തി നൽകി. വായുവിൽ ഉയർന്ന ചാടിയ വിഷ്ണു കൊമ്പന്മാർക്ക് ആദ്യ ഗോൾ  ഹെഡ്ഡറിലൂടെ നേടി. ഗോളിനെതിരെ പ്രത്യാക്രമണം നടത്തിയ മാജിക് തൃശൂർ എഫ്സിയുടെ നായകൻ വിനീതിന് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഗോൾ നഷ്ടമായി. കൊമ്പന്മാർ തങ്ങളുടെ പ്രതിരോധനിര കൂടുതൽ ദൃഢമാക്കിയതോടെ തൃശ്ശൂരിന്റെ തിരിച്ചടിക്കാനുള്ള മോഹം ആദ്യപകുതിയിൽ സഫലമായില്ല.

 തങ്ങളുടെ ലീഡ് വിട്ടുകൊടുക്കാൻ തയ്യാറാകാത്ത തിരുവനന്തപുരം എഫ് സി രണ്ടാം പകുതിയുടെ ആദ്യ നിമിഷം മുതൽക്കേ ആക്രമണത്തിൽ ഊന്നി കളിച്ചു. കാണികളുടെ അടങ്ങാത്ത ആരവം കൊമ്പൻ ഊർജമായി. മാജിക് തൃശൂർ എഫ് സി  തിരിച്ചടിക്കാനുള്ള അടവുകൾ എല്ലാം പയറ്റിയെങ്കിലും കൊമ്പന്മാർ നിന്ന് പന്ത് നേടുന്നതിൽ അവർ പരാജയപ്പെട്ടു. വീണ്ടും നായകൻ മോട്ടയുടെ കാലിൽ നിന്ന് പിറന്ന ഫ്രീ കിക്ക്  ഒടുവിലെത്തിയത് കൊമ്പന്മാരുടെ പ്രതിരോധ താരം ലാൽമംഗയിസംഗയിയുടെ കാലുകളിൽ, ലാൽമംഗയിസംഗയുടെ തകർപ്പൻ ഷോട്ട് കൊമ്പൻമാരുടെ രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കി. തിരിച്ചുവരവിനായി തൃശ്ശൂരിന് ഒരു  വഴിപോലും തുറക്കാതെ കൊമ്പന്മാർ തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ വിജയം ഉറപ്പിച്ചു.

PLAYER OF THE MATCH :- RENAN ROCHA ARAUJO – TVM KOMBANS