ഒക്ടോബർ 1, 2024
ടുണിഷ്യൻ നായകൻ മുഹമ്മദ് നിദാൽ നേടിയ ഗോളിൽ തൃശൂർ മാജിക് എഫ്സിയെ (1-0) തോൽപ്പിച്ച് ഫോഴ്സ കൊച്ചി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് വിധി നിർണ്ണയിച്ച ഗോൾ പിറന്നത്. ആക്രമണത്തിൽ ഫിലോയും അലക്സും പ്രതിരോധത്തിൽ മൈൽസണും ലൂക്കാസും – നാല് ബ്രസീലിയൻ താരങ്ങളെ ആദ്യ ഇലവനിൽ കൊണ്ടുവന്നാണ് തൃശൂർ തന്ത്രങ്ങളൊരുക്കിയത്. അഞ്ച് പ്രതിരോധക്കാരെ ചുമതലയേൽപ്പിച്ച് മുഹമ്മദ് നിദാലിൻ്റെ നായകത്വത്തിൽ കൊച്ചിയും കച്ചമുറുക്കി.
പതിനഞ്ചാം മിനിറ്റിൽ തൃശൂരിനാണ് മത്സരത്തിലെ ആദ്യ ഗോൾമണമുള്ള അവസരം ലഭിക്കുന്നത്. ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് പോസ്റ്റിലെത്തിക്കാൻ
അലക്സ്, വിനീത്, അർജുൻ എന്നിവർക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ മൂവർക്കും ലക്ഷ്യബോധമില്ലായിരുന്നു. അഞ്ച് മിനിറ്റിനകം കൊച്ചിക്കും ഗോൾ ചാൻസ്. ഡോറിയൽട്ടൻ പന്ത് വൈകിപ്പിച്ചതോടെ തൃശൂർ താരങ്ങൾക്ക് പ്രതിരോധിക്കാൻ സാധിച്ചു. നിരന്തരം കോർണറും ഫ്രീകിക്കും നേടിയെടുക്കാൻ തൃശൂർ ടീമിന് കഴിഞ്ഞെങ്കിലും കൊച്ചി കീപ്പർ ഹജ്മലിൻ്റെ പോരാട്ടവും മഴയിൽ കുതിർന്ന ഗ്രൗണ്ടും ഗോളിന് തടസമായി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
അൻപത്തിയഞ്ചാം മിനിറ്റിൽ കൊച്ചി കമൽപ്രീത് സിംഗ്, അർജുൻ ജയരാജ് എന്നിവരെ കൊണ്ടുവന്നു.
അറുപത്തിമൂന്നാം മിനിറ്റിൽ നായകൻ സികെ വിനീതിന് പകരം തൃശൂർ ഷംനാദിനെയും കളത്തിലിറക്കി. ഇരു ഭാഗത്തേക്കും പന്ത് കയറിയിറങ്ങുന്നതിനിടെ എഴുപത്തിമൂന്നാം മിനിറ്റിൽ കൊച്ചി ലീഡ് എടുത്തു. ഡോറിയൽട്ടൻ നൽകിയ പന്ത് ബോക്സിന് പുറത്ത് നിന്ന് ഉശിരൻ ഷോട്ടിലൂടെ വലയിൽ എത്തിച്ച് നായകൻ മുഹമ്മദ് നിദാലാണ് കൊച്ചിക്കായി ഗോൾ നേടിയത്. അഞ്ച് കളി പൂർത്തിയായപ്പോൾ എട്ട് പോയൻ്റുമായി കൊച്ചി രണ്ടാം സ്ഥാനത്തും രണ്ട് പോയൻ്റുമായി തൃശൂർ അവസാന സ്ഥാനത്തുമാണ്.
കൊമ്പൻസ് ഇന്ന് മലപ്പുറത്തോട്
ലീഗിലെ അഞ്ചാം റൗണ്ട് അവസാന മത്സരത്തിൽ ഇന്ന് ( ഒക്ടോബർ 2) തിരുവനന്തപുരം കൊമ്പൻസ് മലപ്പുറം എഫ്സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്. അവസാനം കളിച്ച മത്സരങ്ങളിൽ തോൽവി നേരിട്ട ടീമുകളാണ് രണ്ടും. മലപ്പുറം കണ്ണൂരിനോട് സ്വന്തം ഗ്രൗണ്ടിൽ തോൽവി വഴങ്ങിയപ്പോൾ കൊമ്പൻസ് എവേ ഗ്രൗണ്ടിൽ കൊച്ചിയോട് കീഴടങ്ങി. നാല് കളിയിൽ അഞ്ച് പോയൻ്റുള്ള കൊമ്പൻസ് പട്ടികയിൽ നാലാമതാണ്. ഇത്രയും കളിയിൽ നാല് പോയൻ്റുമായി മലപ്പുറം അഞ്ചാമതും.
ലീഗിൻ്റെ ഉദ്ഘാടന മത്സരത്തിൽ കൊച്ചിയെ തോല്പിച്ച മലപ്പുറത്തിന് പിന്നീട് ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ പരിക്കേറ്റ നായകൻ അനസ് എടത്തൊടിക, ബുജൈർ എന്നിവരുടെ സേവനവും ഇന്ന് മലപ്പുറത്തിന് ലഭിക്കില്ല. അനസിന് ഈ മാസം ഒൻപത് വരെ ഡോക്ടർ വിശ്രമം നിർദേശിച്ചിരിക്കുകയാണ്. മുൻ മത്സരങ്ങളിൽ നേരിട്ട സ്കോറിങ് പ്രശ്നങ്ങൾ പരിഹരിച്ചാവും കൊമ്പൻസ് കോച്ച് സെർജിയോ അലെക്‌സാൻഡ്രോ ടീമിനെ കളത്തിൽ ഇറക്കുക. ബ്രസീലിയൻ കരുത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ബൂട്ട്കെട്ടുന്ന തലസ്ഥാന നഗരിയുടെ സ്വന്തം ടീം വിജയവും മൂന്ന് പോയൻ്റും നേടി കുതിക്കാനാണ് ലക്ഷ്യമിടുന്നത്.
ലൈവ്
സൂപ്പർ ലീഗ് കേരള മത്സരങ്ങളുടെ ടിക്കറ്റുകൾ പേടിഎം ഇൻസൈഡറിൽ ലഭ്യമാണ്. സ്റ്റാർ സ്പോർട്സ് ഫസ്റ്റും ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. ഗൾഫ് മേഖലയിൽ മനോരമ മാക്സാണ് ലൈവ് സ്ട്രീമിംഗ് നൽകുന്നത്.