Tvm kombans vs malappuram FC


2 ഒക്ടോബർ, 2024

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ തിരുവനന്തപുരം കൊമ്പൻസ് – മലപ്പുറം എഫ്സി അവേശക്കളി സമനിലയിൽ. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ പങ്കുവെച്ച് പിരിഞ്ഞു. മലപ്പുറത്തിനായി അലക്സിസ് സാഞ്ചസും കൊമ്പൻസിനായി പകരക്കാരൻ വൈഷ്ണവും സ്കോർ ചെയ്തു.

ബ്രസീലിയൻ താരങ്ങളെ നായകസ്ഥാനം ഏൽപ്പിച്ചാണ് ഇന്നലെ ഇരു ടീമുകളും കളത്തിലിറങ്ങിയത്. അനസ് എടത്തൊടികയുടെ അഭാവത്തിൽ ആൾഡലിർ മലപ്പുറത്തെയും പാട്രിക് മോട്ട തിരുവനന്തപുരത്തെയും നയിച്ചു. പരിക്കിനെ തുടർന്ന് സീസൺ നഷ്ടമായ ബുജൈറിൻ്റെ ജഴ്സിയുമായാണ് മലപ്പുറം ടീം മത്സരത്തിന് മുൻപ് ഫോട്ടോക്ക് പോസ് ചെയ്തത്.

കളിതുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ മലപ്പുറം താരം അജയ് കൃഷ്ണൻ പരിക്കേറ്റ് പുറത്ത് പോയി. പകരമെത്തിയത് ജാസിം. ആദ്യ പതിനഞ്ച് മിനിറ്റിനിടെ അഞ്ച് കോർണറുകൾ നേടാൻ മലപ്പുറത്തിന് സാധിച്ചു. നിരന്തരം എതിർ കോട്ട ആക്രമിച്ച ബാർബോസ, ഫസലു, അലക്സിസ് സാഞ്ചസ് എന്നിവർക്കൊന്നും പക്ഷേ സന്ദർശകർക്കായി അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല. ഇരുപത്തിയേഴാം മിനിറ്റിൽ മലപ്പുറത്തിന് വീണ്ടും ഒരു കളിക്കാരനെ നഷ്ടമായി. പരിക്കേറ്റ് നന്ദു കൃഷ്ണ മടങ്ങിയപ്പോൾ പകരമെത്തിയത് നവീൻ കൃഷ്ണ.

മുപ്പത്തിയൊന്നാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. പത്താം നമ്പർ താരം ജോസബ മധ്യനിരയിൽ നിന്ന് ഉയർത്തി നൽകിയ പന്ത് അലക്സിസ് സാഞ്ചസ് ഓടിയെത്തിയ കൊമ്പൻസ് ഗോളി പവൻ കുമാറിൻ്റെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിലേക്ക് കോരിയിട്ടു (1-0). ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ഡവി കൂൻ, സീസൺ എന്നിവരുടെ നേതൃത്വത്തിൽ കൊമ്പൻസ് ചില ശ്രമങ്ങൾ നടത്തിയെങ്കിലും നിരന്തരം വന്ന മിസ് പാസുകൾ അവർക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സീസണിന് പകരം ഗണേശൻ, കൂനിന് പകരം മാർക്കോസ് എന്നിവരെ ഇറക്കി കൊമ്പൻസ് ആക്രമണം കനപ്പിച്ചു. തുടർച്ചയായി മലപ്പുറത്തിൻ്റെ ഹാഫിൽ അപകടം മണത്തു. ഇടയ്ക്ക് കളിക്കാർ തമ്മിലുള്ള കൈയ്യാങ്കളിക്കും സ്റ്റേഡിയം സാക്ഷിയായി. എഴുപതാം മിനിറ്റിൽ മലപ്പുറം ഗുർജീന്ദർ, മാൻസി എന്നിവരെ കളത്തിലിറക്കി. കളി തീരാൻ നാല് മിനിറ്റ് ശേഷിക്കെ കൊമ്പൻസ് സമനില നേടി. കോർണറിൽ നിന്ന് വന്ന പന്ത് മലപ്പുറം പോസ്റ്റിലേക്ക് അടിച്ചുകയറ്റി പകരക്കാരൻ വൈഷ്ണവ് ആണ് ആതിഥേയർക്ക് സമനില നൽകിയത് (1-1).

ലീഗ് അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ ആറ് പോയൻ്റുള്ള കൊമ്പൻസ് നാലാമത്. അഞ്ച് പോയൻ്റുള്ള മലപ്പുറം അഞ്ചാം സ്ഥാനത്ത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കളിയില്ല. ശനിയാഴ്ച കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും.