ഒക്ടോബർ 5, 2024
തൃശൂർ മാജിക് എഫ്സിക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച കണ്ണൂർ വാരിയേഴ്സ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ മൂന്നാം ജയം കുറിച്ചു. തൃശൂരിനായി അർജുനും കണ്ണൂരിനായി അഡ്രിയാൻ സർഡിനെറോ, റിഷാദ് ഗഫൂർ എന്നിവരും സ്കോർ ചെയ്തു. മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. ആറ് കളിയിൽ 12 പോയൻ്റുമായി കണ്ണൂർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും കളിയിൽ രണ്ട് പോയൻ്റ് മാത്രമുള്ള തൃശൂർ അവസാന സ്ഥാനത്ത്. ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന കണ്ണൂർ സെമി ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തപ്പോൾ ആദ്യവിജയത്തിനായി തൃശൂർ ഇനിയും കാത്തിരിക്കണം.
ആക്രമണ തന്ത്രങ്ങളോടെയാണ് ഇന്നലെ ഇരുടീമുകളും കളത്തിലെത്തിയത്. നായകൻ അഡ്രിയാൻ സർഡിനെറോക്കൊപ്പം മുഹമ്മദ് ഫഹീസും റിഷാദ് ഗഫൂറും കണ്ണൂരിൻ്റെ മുന്നേറ്റ നിരയിൽ ഇറങ്ങി. ക്യാപ്റ്റൻ സികെ വിനീത്, ബ്രസീലുകാരൻ ഫിലോ, അർജുൻ എന്നിവരെ തൃശൂരും ആക്രമണ ചുമതലയേൽപ്പിച്ചു.
മൂന്നാം മിനിറ്റിൽ തന്നെ തൃശൂർ ലീഡ് നേടുന്നത് കണ്ടാണ് കളിക്ക് ചൂടുപിടിച്ചത്. ഫിലോ ഇടത് പാർശ്വത്തിൽ നിന്ന് പായിച്ച ക്രോസ്സ് കണ്ണൂർ ഗോളി അജ്മൽ ഡൈവ് ചെയ്ത് തട്ടി. പന്ത് അർജുനിൻ്റെ കാലിലേക്ക്. യുവതാരത്തിന് പിഴവൊന്നും പിണഞ്ഞില്ല. പന്ത് കണ്ണൂരിൻ്റെ വലയിൽ 1-0. പതിനഞ്ചാം മിനിറ്റിൽ തൃശൂർ നായകൻ വിനീത് പരിക്കേറ്റ് കളംവിട്ടു. പകരമെത്തിയത് യുവതാരം മുഹമ്മദ് സഫ്നാദ്. മുപ്പത്തിയൊന്നാം മിനിറ്റിൽ കണ്ണൂർ സമനില പിടിച്ചു. എസിയർ ഗോമസ് എടുത്ത കോർണർ ഫസ്റ്റ് ടൈം ടച്ചിൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ട് അഡ്രിയാൻ സർഡിനെറോയാണ് ഗോൾ നേടിയത് 1-1. ലീഗിൽ സ്പാനിഷ് താരം നേടുന്ന മൂന്നാമത്തെ ഗോൾ. ആദ്യ പകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ കണ്ണൂരിന് ലീഡ്. സർഡിനെറോ ഒത്താശ ചെയ്ത പന്തുമായി മുന്നേറി എതിർതാരത്തെ വെട്ടിയൊഴിഞ്ഞ് കാർപറ്റ് ഷോട്ടിലൂടെ പന്ത് തൃശൂർ പോസ്റ്റിൽ എത്തിച്ചത് അണ്ടർ 23 താരം റിഷാദ് ഗഫൂർ. ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ഗോളിന് കണ്ണൂർ മുന്നിൽ.
ഗോൾ പിറക്കാതെ രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കത്തിൽ തൃശൂർ ഫിലോയെ മാറ്റി അലക്സ് സാൻ്റോസിനെ കൊണ്ടുവന്നു. അൻപത്തിയേഴാം മിനിറ്റിൽ സാൻ്റോസിന് മികച്ചൊരു അവസരം. ബ്രസീൽ താരത്തിൻ്റെ ഹെഡ്ഡർ ശ്രമം ലക്ഷ്യത്തിൽ നിന്ന് ഏറെ അകലെയായിരുന്നു. മുൻ ഇന്ത്യൻ താരം ആദിൽ ഖാൻ, അമീൻ എന്നിവർ അറുപത്തിരണ്ടാം മിനിറ്റിൽ കണ്ണൂർ ടീമിനായി കളത്തിലെത്തി.
കളിയുടെ അവസാന സമയത്ത് സമനിലയെങ്കിലും ലക്ഷ്യമാക്കി തൃശൂർ ആഞ്ഞു പൊരുതിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.
ഇന്ന് ( ഒക്ടോബർ 6) തിരുവനന്തപുരം കൊമ്പൻസ് എഫ്സി കാലിക്കറ്റ് എഫ്സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.