ഒക്ടോബർ 12, 2024
മലപ്പുറം എഫ്സിയെ 2-1ന് തോൽപ്പിച്ച് കാലിക്കറ്റ് എഫ്സി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഒന്നാം സ്ഥാനത്ത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ ഹെയ്ത്തിക്കാരൻ
ബെൽഫോർട്ടാണ് കാലിക്കറ്റിനായി രണ്ടു ഗോളുകളും നേടിയത്. മലപ്പുറത്തിനായി പെഡ്രോ മാൻസി പെനാൽട്ടി സ്പോട്ടിൽ നിന്ന് സ്കോർ ചെയ്തു. ഏഴ് കളികളിൽ 13 പോയൻ്റുമായി കാലിക്കറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് കളികളിൽ ആറ് പോയൻ്റുള്ള മലപ്പുറം അഞ്ചാമതാണ്.
സ്പാനിഷ് താരം ആൽഡലിർ മലപ്പുറത്തെയും ഗനി നിഗം കാലിക്കറ്റിനെയും നയിച്ച മത്സരത്തിൻ്റെ തുടക്കത്തിൽ നിരന്തരം കോർണറുകൾ നേടിയെടുക്കാൻ ആതിഥേയർക്ക് കഴിഞ്ഞു. എന്നാൽ നിഗമിൻെറ കിക്കുകളും ബെൽഫോർട്ടിൻ്റെ ശ്രമങ്ങളും ലക്ഷ്യം കാണാതെ പോയി.
പ്രമുഖ താരങ്ങളുടെ അഭാവത്തിൽ കളത്തിലിറങ്ങിയ മലപ്പുറം ആക്രമണത്തേക്കാൾ പ്രതിരോധത്തിന് പ്രാധാന്യം നൽകിയതോടെ ആദ്യ പകുതിയിൽ ഗോൾ സാധ്യതയുള്ള നീക്കങ്ങൾ കാര്യമായി കണ്ടില്ല.
ഇരുപത്തിമൂന്നാം മിനിറ്റിൽ മലപ്പുറത്തിൻ്റെ സ്പാനിഷ് താരം അലക്സിസ് സാഞ്ചസിന് ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം മുതലാക്കാനായില്ല.
കാലിക്കറ്റിൻ്റെ നിയ ആന്ദ്രേസ്, മുഹമ്മദ് റിയാസ്, സാലിം മലപ്പുറത്തിൻ്റെ ഫസലു റഹ്മാൻ, നവീൻ എന്നിവർ മഞ്ഞക്കാർഡ് കണ്ട ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മലപ്പുറത്തിൻ്റെ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. താഴേക്ക് ഇറങ്ങി വന്ന് ഫസലുവും അലക്സിസ് സാഞ്ചസും ആക്രമണങ്ങൾക്ക് നേതൃത്വം നൽകി.
അൻപത്തിയാറാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് നേടി. നായകൻ ഗനി നിഗം നൽകിയ ബാക്ക് പാസ് ബോക്സിന് പുറത്ത് നിന്ന് പോസ്റ്റിലേക്ക് പായിച്ചത് ഹെയ്ത്തിക്കാരൻ ബെൽഫോർട്ട് 1-0. ആറ് മിനിറ്റിനകം വീണ്ടും ഗോൾ. ബ്രിട്ടോയുടെ അളന്നുമുറിച്ച ക്രോസ്. ഓടിയെത്തിയ
ബെൽഫോർട്ടിൻ്റെ ഹെഡ്ഡർ പോസ്റ്റ് തുളച്ചു 2-0. എൺപത്തിയൊന്നാം മിനിറ്റിൽ പെനാൽട്ടിയിലൂടെ പെഡ്രോ മാൻസി മലപ്പുറത്തിൻ്റെ ആശ്വാസ ഗോൾ കണ്ടെത്തി.
ലീഗിൻ്റെ ആദ്യ ലെഗിൽ മഞ്ചേരിയിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ് മൂന്ന് ഗോളുകൾക്ക് മലപ്പുറത്തെ തോൽപ്പിച്ചിരുന്നു. സ്വന്തം ഗ്രൗണ്ടിൽ കാലിക്കറ്റ് നേടുന്ന ആദ്യ വിജയമാണ് ഇന്നലത്തേത് ( ഒക്ടോബർ 12).13000 ത്തോളം കാണികൾ ഇന്നലെ മത്സരം കാണാനെത്തി.
ഇന്ന് (ഒക്ടോബർ 13) ഫോഴ്സ കൊച്ചി കണ്ണൂർ വാരിയേഴ്സുമായി മത്സരിക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.