ഒക്ടോബർ 13, 2024
മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ ഫോഴ്സ കൊച്ചി – കണ്ണൂർ വാരിയേഴ്സ് മത്സരം 1-1 സമനിലയിൽ പിരിഞ്ഞു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യപകുതിയിൽ പ്രഗ്യാൻ ഗോഗോയിയുടെ ബൂട്ടിൽ നിന്നാണ് കണ്ണൂരിൻ്റെ ഗോൾ പിറന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് ഡോറിയൽട്ടൺ കൊച്ചിയുടെ സമനില ഗോൾ നേടി.
ഏഴ് കളികളിൽ 13 പോയൻ്റുള്ള കണ്ണൂർ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇത്രയും കളികളിൽ 10 പോയൻ്റുള്ള കൊച്ചി മൂന്നാമത്.
പതിയെ തുടങ്ങിയ കളിയിലെ ഗോൾ സാധ്യതയുള്ള ആദ്യ നീക്കം കണ്ണൂരിൻ്റെ ഭാഗത്ത് നിന്നായിരുന്നു. നായകൻ അഡ്രിയാൻ സെർഡിനേറോ ഇടത് വിംഗിലൂടെ കുതിച്ച് നൽകിയ പാസ് കൊച്ചി ഗോൾ കീപ്പർ ഹജ്മൽ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. പതിനാറാം മിനിറ്റിൽ കൊച്ചിക്കും നല്ലൊരു അവസരം കൈവന്നു. ഡോറിയൽട്ടൻ ഒറ്റയ്ക്ക് മുന്നേറിയെങ്കിലും എതിർ പ്രതിരോധതാരത്തിൻ്റെ ചാർജിംഗിൽ വീണുപോയി.
പത്തൊൻപതാം മിനിറ്റിൽ കണ്ണൂർ ലീഡ് നേടി. സെർഡിനേറോ നൽകിയ പാസിൽ പ്രഗ്യാൻ ഗോഗോയ് പായിച്ച ദുർബലമായ ഷോട്ട് കൊച്ചി പ്രതിരോധക്കാരൻ റോദ്രിഗസിൻ്റെ കാലിൽ തട്ടി ദിശമാറി പോസ്റ്റിൽ കയറി 1-0.
ഗോൾ വഴങ്ങിയതോടെ കൊച്ചിയുടെ നിരന്തര ആക്രമണങ്ങൾ കണ്ടു. മുഹമ്മദ് നിദാൽ, നിജോ ഗിൽബർട്ട് തുടങ്ങിയവരെല്ലാം നടത്തിയ ശ്രമങ്ങൾ കണ്ണൂരിൻ്റെ കാവൽക്കാരൻ അജ്മൽ നടത്തിയ അത്ഭുത രക്ഷപ്പെടുത്തലുകളിൽ ഗോളാവാതെ പോയി.
ആദ്യപകുതിയുടെ അവസാനം കണ്ണൂർ സെൻട്രൽ ബാക്ക് വികാസ് പരിക്കേറ്റ് മടങ്ങി. പകരം മുൻ ഇന്ത്യൻ താരം ഗോവക്കാരൻ ആദിൽ ഖാനാണ് കളത്തിലെത്തിയത്.
രണ്ടാം പകുതിയിൽ നായകൻ അർജുൻ ജയരാജിൻ്റെ പിൻവലിച്ച കൊച്ചി പകരം റാഫേൽ അഗസ്റ്റോയെ മധ്യനിരയിൽ കൊണ്ടുവന്നു. അൻപത്തിനാലാം മിനിറ്റിൽ കണ്ണൂരിന് മികച്ചൊരു അവസരം കൈവന്നു. സെർഡിനേറോയുടെ ശ്രമം ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. കണ്ണൂരിൻ്റെ പെനാൽറ്റി ബോക്സിൽ നിരന്തരം സമ്മർദം ചെലുത്താൻ തുടർന്ന് കൊച്ചിക്ക് സാധിച്ചു. ഇഞ്ചുറി ടൈമിൽ ഫലമെത്തി. ഡോറിയൽട്ടണാണ് കണ്ണൂർ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനിടെ സമനില ഗോൾ നേടിയത് 1-1.
ഫ്ലഡ്ലൈറ്റ് പണിമുടക്കിയതിനെ തുടർന്ന് ഏതാനും മിനിറ്റുകൾ കളി തടസപ്പെട്ടിരുന്നു. പ്രശ്നം പരിഹരിച്ച ശേഷമാണ് കളി പുനരാരംഭിച്ചത്.
ആദ്യ ലഗ്ഗിൽ ഇരു ടീമുകളും കോഴിക്കോട് ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 സമനിലയിൽ അവസാനിച്ചിരുന്നു. ലീഗിലെ അടുത്ത മത്സരം ഒക്ടോബർ 18 ന്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സി മലപ്പുറം എഫ്സിയെ നേരിടും.